Ad Code

സ്വഫർ മാസം

 ✍🏼ഹിജ്റ: കലണ്ടറിന്റെ രണ്ടാമത്തെ മാസമാണ് സ്വഫർ. യുദ്ധാവശ്യത്തിനു വേണ്ടി അറബികൾ വീട്ടിൽ നിന്നു പുറത്തിറങ്ങുകയും അതുമൂലം വീടു ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്ന മാസമായതു കൊണ്ടാണ് പ്രസ്തുത മാസത്തിന് സ്വഫർ എന്ന പേർ നൽകിയത്. വീട് ഒഴിയുക എന്നാണ് സ്വഫർ എന്ന പദത്തിന്റെ അർത്ഥം.


 മുഹർറം, സ്വഫർ എന്നീ രണ്ടു മാസങ്ങൾക്ക് 'സ്വഫറാനി' എന്നും ഉപയോഗിക്കാറുണ്ട്.


 നബി ﷺ പ്രസിദ്ധമായ ഒരു ഹദീസിൽ 'വലാ സ്വഫറ' എന്നു പ്രയോഗിച്ചതു കാണാം. ഈ പദത്തിനു ഹദീസ് പണ്ഡിതർ പ്രധാനമായും രണ്ടു വ്യാഖ്യാനം നൽകിയിട്ടുണ്ട്. ജാഹിലിയ്യാ യുഗത്തിലെ (ഇസ്‌ലാമിന് മുമ്പ്) രണ്ടു അബദ്ധങ്ങളെ നിഷേധിച്ചു കൊണ്ടാണ് ഈ രണ്ട് വ്യാഖ്യാനവും.


 ഒന്ന്, യുദ്ധം ഹറാമായിരുന്ന മുഹർറം മാസത്തിലെ വിധി യഥേഷ്ടം സ്വഫറിലേക്ക് മാറ്റിവയ്ക്കുന്ന ഒരു സമ്പ്രദായം അന്നുണ്ടായിരുന്നു.


 അല്ലാഹുﷻവിന്റെ നിശ്ചയ പ്രകാരം എന്ന വിശ്വാസത്തോടെ തന്നെ പരമ്പരാഗതമായി അറബികൾ പവിത്രവും യുദ്ധം ഹറാമുമായി ഗണിച്ചിരുന്ന മുഹർറ മാസത്തിന്റെ സവിശേഷത അവർ സ്വഫറിലേക്ക് നീട്ടിവയ്ക്കും. “നസീഉ” എന്നാണിതിനു പേര്. ഇതു പാടില്ല. ആ സ്വഫർ ശരിയല്ല എന്നാണ് 'ലാ സ്വഫറ' എന്നതിന്റെ ഒരു വ്യാഖ്യാനം.


 അല്ലാഹു ﷻ ഈ വിഷയം إِنَّمَا النَّسِيئُ زِيَادَة فِي الْكُفر... എന്ന സൂക്തത്തിലൂടെ പറഞ്ഞിട്ടുണ്ട്. കലഹ പ്രിയരായ അറേബ്യൻ ഗോത്രവർഗങ്ങൾക്ക് മൂന്ന് മാസം തുടർച്ചയായി യുദ്ധത്തിൽ നിന്നു വിട്ടുനിൽക്കാൻ മടിയായിരുന്നു. അതിനാൽ യുദ്ധം നിഷിദ്ധമായിരുന്ന മുഹർറം മാസത്തിൽ അവർ യുദ്ധം ചെയ്യുകയും പിറകെ വരുന്ന സ്വഫർ മാസം അതിനു പകരം യുദ്ധം വിലക്കപ്പെട്ട മാസമായി ഗണിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നത് ഇങ്ങനെ:


 വിലക്കപ്പെട്ട മാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്റെ വർദ്ധനവ് തന്നെയാണ്. സത്യനിഷേധികൾ അതുമൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരതു അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു ﷻ നിഷിദ്ധമാക്കിയ മാസത്തിന്റെ എണ്ണമൊപ്പിക്കുവാനും എന്നിട്ട്, അല്ലാഹു ﷻ നിഷിദ്ധമാക്കിയതു ഏതോ അതു അനുവദനീയമാക്കുവാനും വേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്. അവരുടെ ദുഷ്പ്രവൃത്തികൾ അവർക്ക് ഭംഗിയായി തോന്നിപ്പിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു ﷻ നേർവഴിയിലാക്കുകയില്ല.

  (തൗബ: 27, തഫ്സീർ ഇബ്നി കസീർ: 2/853).

സ്വഫർ എന്ന സർപ്പം

   ശരീരത്തിനകത്ത് വാരിയെല്ലുകളുടെ ഓരങ്ങളിലായി ഉദരത്തിലേക്ക് തലപൊക്കി നിൽക്കുന്ന ഒരു സർപ്പമുണ്ടെന്നും അതു അനങ്ങുമ്പോൾ വിശപ്പുണ്ടാകുന്നതാണെന്നും വിശന്നാൽ അതു ശല്യം ചെയ്യുമെന്നും ചിലപ്പോൾ അത് അവനെ കൊന്നുകളയുമെന്നും ജാഹിലിയ്യാ കാലത്ത് ഒരു അന്ധവിശ്വാസമുണ്ടായിരുന്നു. ആ സർപ്പത്തിന്റെ അറബി ശബ്ദമാണ് 'സ്വഫർ' എന്നത്. അങ്ങനെ ഒരു സ്വഫറില്ല. സർപ്പമില്ല എന്നതാണ് 'ലാ സ്വഫറ' എന്നതിന്റെ രണ്ടാം വ്യാഖ്യാനം. ഇമാം നവവി(റ) പറയുന്നു: ഇതാണ് ഏറ്റവും ശരിയായ വ്യാഖ്യാനം.


 ജാഹിലിയ്യാ കാലത്തു നിലനിന്നിരുന്ന രണ്ടു അബദ്ധങ്ങളെ നിഷേധിക്കുകയാണ് وَلاَ صَفَر എന്ന വാക്കിലൂടെ നബി ﷺ ചെയ്തത്.


 സ്വഫർ മാസം ദുരന്തങ്ങളും അപകടങ്ങളും പെരുകുന്ന മാസമാണെന്ന ജാഹിലിയ്യത്തിന്റെ മിഥ്യാ ധാരണയെ തിരുത്തുകയാണ് 'ലാ സ്വഫറ' എന്നതുകൊണ്ടു നബി ﷺ ചെയ്തതെന്നും വ്യാഖ്യാനമുണ്ട്. സ്വഫർ മാസം അപകടമാസല്ലെന്നർത്ഥം.

  (മിർഖാത്ത്: 4/520)


 'ലാ സ്വഫറ' എന്ന പദം ഉയർത്തിപ്പിടിച്ച് ഇസ്‌ലാമിൽ സ്ഥിരപ്പെട്ട നഹ്സിനെ നിഷേധിക്കുന്നവരുണ്ട്. അവർ ഹദീസിനെ വ്യാഖ്യാനിക്കുന്നവരോ വ്യാഖ്യാനത്തെ പിൻതുടരുന്നവരോ അല്ല. പ്രത്യുത, ദുർവ്യാഖ്യാനം നടത്തുന്നവരാണ്.


സ്വഫർ മാസത്തിലെ പ്രാർത്ഥന


   ശൈഖ് ദൈറബി (റ) തന്റെ 'മുജർറബാത്തി'ൽ സ്വഫർ അവസാനത്തെ ബുധനാഴ്ച നടത്തേണ്ട പ്രാർത്ഥന വിവരിച്ചിട്ടുണ്ട്.


പ്രാർത്ഥന:


بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ


اَللَّهُمَّ يَا شَدِيدَ الْقُوَى وَيَا شَدِيدَ الْمِحَالِ يَا عَزِيزُ یَا مَنْ ذَلَّتْ لِعِزَّتِكَ جَمِيعُ خَلْقِكَ اكْفِنِي مِنْ شَرِّ جَمِيعِ خَلْقِكَ يَا مُحْسِنُ يَا مُجَمِّلُ يَا مُتَفَضِّلُ يَا مُنْعِمُ يَا مُتَكَرِمُ يَامَنْ لاَ إِلَهَ إِلاَّ أَنْتَ ارْحَمْنِي بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ


 സ്വഫർ അവസാന ബുധനാഴ്ച പ്രാർത്ഥിക്കേണ്ട മറ്റു ചില പ്രാർത്ഥനകളും ഇമാം ദൈറബി(റ) ഉദ്ധരിച്ചിട്ടുണ്ട്.

  (മുജർറബാത്ത്: പേ: 74)


ആണ്ടുകൾ


▪️ സ്വഫർ പതിമൂന്ന്: പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം നസാഈ(റ)വിന്റെ വഫാത്ത്.


▪️ സ്വഫർ ഇരുപത്തി നാല്: പെരുമ്പടപ്പ് പുത്തൻപള്ളി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ (റ) വിന്റെ വഫാത്ത്.


▪️ സ്വഫർ ഇരുപത്തി ഏഴ്: അഹ്മദുശ്ശീറാസി(റ)വിന്റെ വഫാത്ത്. മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത ചേരിയത്ത് ഹിജ്റ 1269-ൽ ജനിച്ച് കോഴിക്കോട് ജില്ലയിലെ നാദാപുരത്തുകാരനായി അറിയപ്പെട്ടു. ഹിജ്റ 1326-ൽ മരണപ്പെട്ടു. നാദാപുരം പള്ളിയിലെ അകത്തളങ്ങളിൽ ഒന്നിച്ചു കാണുന്ന നാലു ഖബറുകളിൽ പടിഞ്ഞാറു നിന്നു രണ്ടാമത്തേതാണ് അഹ്മദ്ശ്ശീറാസി(റ)വിന്റെ മഖ്ബറ.


▪️ സ്വഫർ ഇരുപത്തി ഏഴ്: സ്വലാഹുദ്ദീൻ അയ്യൂബി(റ)വിന്റെ വഫാത്ത്. ഹിജ്റ 589.


▪️ സ്വഫർ ഇരുപത്തി എട്ട്: ഇമാം അബൂഹയ്യാൻ(റ)വിന്റെ വഫാത്ത്. ഹിജ്റ 745.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu