നമ്മുടെ നാടുകളിൽ അധിക പള്ളികളിലും കണ്ടുവരുന്ന ഒരു കാഴ്ചയാണ് കസേരയിൽ ഇരുന്ന് നിസ്കരിക്കൽ. ഗൾഫിൽ നിന്ന് കുടിയേറിയതാണിത്. ഗൾഫിൽ ചെയ്യുന്നതെല്ലാം ശരിയെന്നാണ് ചിലരുടെ ധാരണ. ഇത് തീർത്തും തെറ്റാണ്. ഗൾഫിൽ ചെയ്ത് വരുന്നതോ ഉത്തരേന്ത്യയിൽ കണ്ടുവരുന്നതോ നമുക്കവലംബിക്കാൻ മാതൃകയില്ല. നമുക്ക് നമ്മുടെ മദ്ഹബിന്റെ ഇമാമുകൾ തന്നെ പറയണം. ഹജ്ജിന്റെ സമയത്ത് മക്കയിലെ സാധാരണക്കാർ ചെയ്യുന്നത് മാത്രം ആധാരമാക്കി ഹജ്ജ് ചെയ്യുന്നവനെ പറ്റി ഇമാം നവവി(റ) എഴുതുന്നു: ഹജ്ജ് കർമ്മങ്ങൾ അറിയാമെന്ന നിലക്ക് മക്കയിലെ സാധാരണക്കാരെ നിരവധിയാളുകൾ പിൻപറ്റാറുണ്ട്. അതിനാൽ അവർ വഞ്ചിതരായിപ്പോയിരിക്കുന്നു (അൽ ഈളാഹു ഫിൽ മനാസിക്, പേജ്: 57).
അതുകൊണ്ട് തന്നെ കർമ്മശാസ്ത്രത്തിൽ (ഫിഖ്ഹ്) അതാത് മദ്ഹബുകാർ അവരുടെ മദ്ഹബനുസരിച്ചാണ് ഇബാദത്തുകൾ നിർവ്വഹിക്കേണ്ടത്. നാം ശാഫിഈ മദ്ഹബുകാരായത് കൊണ്ട് ആ മദ്ഹബനുസരിച്ച് ഇബാദത്തുകൾ നിർവ്വഹിക്കണം.
ശരീരം കൊണ്ട് നിർവ്വഹിക്കുന്ന ഇബാദത്തുകളിൽ വെച്ച് ഏറ്റവും ശ്രഷ്ഠം നിസ്കാരമാണ്. പതിനാല് നിർബന്ധ ഘടകങ്ങൾ സമ്മേളിക്കുമ്പോഴും നിസ്കാര ഘടനയെ ഇല്ലാതാക്കുന്ന ബാത്വിലാവുന്ന കാര്യങ്ങളൊന്നും ഇല്ലാതിരിക്കുമ്പോഴുമാണ് നിസ്കാരമെന്ന മഹത്തായ ഇബാദത്ത് നിലനിൽക്കുന്നത്. ഇതിലേതെങ്കിലുമൊന്നിന് ഭംഗം വന്നാൽ നിസ്കാരം നിഷ്ഫലമാകും.
നിസ്കാരത്തിന്റെ പതിനാല് ഫർളുകളിൽപ്പെട്ട ഒന്നാണ് ഫർള് നിസ്കാരത്തിൽ നിൽക്കാൻ കഴിവുള്ളവൻ നിന്ന് നിസ്കരിക്കൽ. നബി(സ്വ)യും സ്വഹാബത്തും നിന്നാണ് നിസ്കരിച്ചിരുന്നത്.
ഇമാം നവവി(റ) എഴുതുന്നു: ഇംറാനുബ്നു ഹുസൈൻ(റ)ൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നീ നിന്ന് നിസ്കരിക്കുക. നിനക്കതിന് കഴിയുകയില്ലെങ്കിൽ ഇരുന്നും അതിനും കഴിയില്ലെങ്കിൽ ഒരു ഭാഗത്തിൻ മേലായും നിസ്കരിക്കുക. ഫർള് നിസ്കാരത്തിൽ നിൽക്കൽ ഫർളാണെന്നതിൽ ഇജ്മാഉ ഉണ്ട്. നിൽക്കാൻ കഴിവുള്ളവൻ നിന്ന് നിസ്കരിച്ചാലേ നിസ്കാരം സ്വഹീഹാവുകയുള്ളൂ. ഒരു കാരണവുമില്ലാതെ എനിക്ക് ഫർള് നിസ്കാരത്തിൽ ഇരിക്കൽ അനുവദനീയമാണെന്നോ അല്ലെങ്കിൽ ഫർള് നിസ്കാരത്തിൽ നിൽക്കൽ ഫർളല്ലെന്നോ ഒരു മുസ്‌ലിം പറഞ്ഞാൽ അടുത്ത് മുസ്‌ലിമായവനല്ലെങ്കിൽ അവൻ കാഫിറായിരിക്കുന്നു (ശർഹുൽ മുഹദ്ദബ്: 3/229).
‘നിൽക്കുക’ എന്ന ഫർളിന്റെ ഗൗരവം മേൽ ഉദ്ധരണിയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം. ഇമാം ശഅറാനി(റ) എഴുതുന്നു: നബി(സ്വ) നിസ്കാരത്തിലേക്ക് നിന്നാൽ നിർത്തത്തിൽ ഒന്നിനേയും അവലംബിക്കാറില്ല. എന്നാൽ പ്രായമായപ്പോൾ നിർത്തത്തിൽ തൂൺ തടിയെ അവലംബിച്ചിരുന്നു (കശ്ഫുൽ ഗുമ്മ: അൽ ജമീഇൽ ഉമ്മ: 1/114).
ചുരുക്കത്തിൽ നബി(സ്വ) നിൽക്കാൻ പ്രയാസമുള്ളപ്പോൾ വരെ ഇരിക്കാതെ നിൽക്കാൻ സഹായത്തിന് മരം കൊണ്ടുള്ള തുണിനെ ആശ്രയിച്ചിരുന്നു. ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർള് സ്വയമോ അല്ലാതെയോ ഫർള് നിസ്കാരത്തിൽ നിൽക്കാൻ കഴിവുള്ളവൻ നിൽക്കലാണ് (ഫത്ഹുൽ മുഈൻ, പേജ്: 53).
സ്വയം നിൽക്കാൻ കഴിവുള്ളവൻ മാത്രമല്ല, സ്വയമല്ലാതെ നിൽക്കാൻ കഴിവുള്ളവനും ഫർളിൽ നിൽക്കൽ നിർബന്ധം തന്നെയാണ്. ഈ നിബന്ധനക്ക് വീഴ്ച വരുത്തിയാൽ നിസ്കാരം ബാത്വിലാണ്. സ്വയം നിൽക്കാൻ കഴിയാത്തവൻ എങ്ങനെ നിൽക്കും. ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: സ്വയം നിൽക്കാൻ കഴിയാത്തവൻ വടിയുടെയോ മറ്റൊരാളുടെയോ സഹായത്തോടെയോ നിൽക്കാൻ കഴിയുമെങ്കിൽ നിൽക്കണം. സഹായിക്ക് കൂലി കൊടുത്തിട്ടാണെങ്കിലും ശരി. അവനും അവൻ ചിലവ് കൊടുക്കേണ്ടവർക്കും അന്നേ ദിവസത്തെ രാത്രിയിലേയും പകലിലേയും ചെലവ് കഴിച്ച് വല്ലതും മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് കൂലി നൽകിയാൽ ആളെ കിട്ടുമെങ്കിൽ അങ്ങനെ ചെയ്യേണ്ടതാണ് (ശർഹു ബാഫള്ൽ: 1/237, ശർവാനി: 2/20).
ചുരുക്കത്തിൽ ഇന്നു കാണുന്ന കസേര നിസ്കാരക്കാർ സ്വയമോ അല്ലാതെയോ നിൽക്കാൻ കഴിവുള്ളതോടൊപ്പം ഫർളോ നേർച്ചയാക്കപ്പെട്ട സുന്നത്തിലോ ഇരുന്ന് നിസ്കരിച്ചാൽ നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർളിന് വിഘ്നം സംഭവിച്ചതിനാൽ നിസ്കാരം ബാത്വിലാണ്.
0 അഭിപ്രായങ്ങള്‍