തിരുനബി(സ്വ)യുടെ പേരായ മുഹമ്മദ്, അഹ്‌മദ് എന്നിവ പൂർവ സമുദായങ്ങൾക്ക് പരിചിതമായിട്ടും ഒരു വ്യക്തിക്കും അതു നൽകപ്പെടാതെ അല്ലാഹു കാത്തു. നമ്മുടെ നബി(സ്വ)യുടെ പേരായിട്ടല്ലാതെ മുഹമ്മദ് എന്ന പദം തിരുനബി(സ്വ)ക്കു മുമ്പ് അറബികളിലാരും ഉപയോഗിച്ചിട്ടില്ല. നബിക്കു മാത്രമായി അല്ലാഹു സവിശേഷം ഒരുക്കിവെച്ച നാമമായിരുന്ന അതെന്നതുകൊണ്ടാണത്.
എന്നാൽ പൂർവ്വ വേദക്കാരിൽ നിന്നു വരാനിരിക്കുന്ന നബിയുടെ നാമം പ്രചരിച്ചതിനു ശേഷം ചിലരെല്ലാം മുഹമ്മദ് എന്നു സ്വന്തം മക്കൾക്കു പേരിട്ടിരുന്നു. വരും പ്രവാചകൻ തങ്ങളുടെ മകനാകട്ടെയെന്ന പ്രതീക്ഷ കൊണ്ടായിരുന്നു ഇത്. ഈ നാമകരണവും നബിതങ്ങളുടെ പേരു തന്നെയായിരുന്നു (തുഹ്ഫ, ശർവാനി: 1/24).
നബി(സ്വ)യുടെ ഏറ്റവും പ്രസിദ്ധനാമം محمّد എന്നാണ്. “സ്തുതിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ആൾ” എന്നാണതിന്റെ അർത്ഥം. സ്തുതിക്കപ്പെടേണ്ട സർവ്വകാര്യങ്ങളും പൂർണമായി സമ്മേളിച്ചവർ എന്നാണ് മറ്റൊരു അർത്ഥം.
മുഹമ്മദ് എന്നു അറബിയിൽ എഴുതപ്പെടുമ്പോഴുള്ള രൂപമാണ് മനുഷ്യനു നൽകപ്പെട്ടത്. محمّد മീമിന്റെ കെട്ട് മനുഷ്യന്റെ തലയെയും ح കയ്യിനെയും ശേഷമുള്ള മീം അരക്കെട്ടിനെയും ദാൽ കാലുകളെയും സൂചിപ്പിക്കുന്നു. ചെരിഞ്ഞുകിടക്കുന്ന മനുഷ്യരൂപം. كشف الاسرار ൽ ഇബ്നുൽ ഇമാദ്(റ) ഇതുദ്ധരിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തി ഇരുപത്തിനാലായിരം എന്ന പ്രവാചക എണ്ണവും അവരിൽ മുന്നൂറ്റി പതിമൂന്ന് എന്ന മുർസലുകളുടെ എണ്ണവും محمّد എന്ന പേരിൽ നിന്നു ലഭിക്കുന്നുണ്ട്. ജുമ്മൽ പ്രകാരം ميم എന്നതിലെ മൂന്നക്ഷരം 90 എന്നു കിട്ടും. محمّد എന്ന നാമത്തിൽ മൂന്നു ميم ആണുള്ളത്. 90x3=270 ആയി. ح യുടെ സ്ഥാനം 8 ആണ്. دال എന്നതിലെ മൂന്നക്ഷരം 35. ആകെ 313 ആയി.
മൊത്തം പ്രവാചകന്മാരുടെ എണ്ണമായ 124000 എന്ന സംഖ്യ محمّد എന്ന പേരിൽ നിന്നു കിട്ടുന്നത് ഇങ്ങനെ. ജുമ്മലുസ്സ്വഗീർ പ്രകാരം ഓരോ അക്ഷരവും ഒറ്റയായി പരിഗണിക്കുക. محمّد എന്നത് 20 എന്ന അക്കം കിട്ടും. രണ്ടു മീമാണ് പരിഗണിക്കുക. ഓരോ മീമും 40 നെ കുറിക്കുന്നുവെങ്കിലും ഒറ്റയാക്കുമ്പോൾ 4 എന്ന സംഖ്യ വരും. അപ്പോൾ രണ്ടു മീമ് 8, ح എന്നക്ഷരവും 8, ദാല് എന്ന അക്ഷരം 4. ആകെ 20. ഇനി 20 നെ ഇരുപതിൽ പെരുക്കിയാൽ 20x20=400. മുർസലീങ്ങളുടെ എണ്ണത്തിലെ ചില്ലറ ഒഴിവാക്കി 310 ൽ 400 പെരുക്കിയാൽ 310x400=124000 കിട്ടുന്നു.
ഇതിനെ കുറിച്ചുള്ള കവിത ഇങ്ങനെ:
اِلَى اْلأَنْبِيَاءِ يُومِي سُمَاهُ مُحَمَّدٌ
وَرُسُلٍ إِذَا اَجْمَلْتَ بِالأَبْجَدِيَّةِ
(احتذاء النصوص).
0 അഭിപ്രായങ്ങള്‍