Ad Code

റബീഉൽ അവ്വൽ Rabeeul awwal

 വസന്ത മാസം അറബികൾക്ക് രണ്ടെണ്ണമാണ്. റബീഉൽ അവ്വലും റബീഉൽ ആഖിറും. മാസങ്ങൾക്കു പേരു നിശ്ചയിക്കുന്ന വേളയിൽ സസ്യങ്ങൾ ധാരാളമുള്ള വസന്തകാലമായതുകൊണ്ട് ആദ്യത്തെ വസന്തം ربيع الأوّل അവസാനത്തെ വസന്തം ربيع الآخر എന്നീ പേരുകൾ നൽകി.


റബീഉ എന്ന പദം മാസത്തിനും വർഷത്തിലെ ലുഫസ്വ്ലിൽ ഒന്നിനും ഉപയോഗിക്കുന്നതു കൊണ്ട് شهر ചേർത്തികൊണ്ടാണവർ ഈ രണ്ടു മാസങ്ങളെയും പറഞ്ഞിരുന്നത്.


◾️തിരുപിറവി


തിരുനബി(സ്വ)യുടെ ജനനം റബീഉൽ അവ്വൽ മാസം തിങ്കളാഴ്ചയായിരുന്നല്ലോ. അതു തന്നെ പന്ത്രണ്ടിനു സുബ്ഹിയോടടുത്ത സമയം.


ഇബ്നു ഇസ്ഹാഖ്(റ) പറയുന്നു: ആനക്കലഹവർഷം റബീഉൽ അവ്വൽ മാസത്തിൽ പന്ത്രണ്ടാം തീയതിയിലെ രാവിൽ തിങ്കളാഴ്ച നബി(സ്വ) ജനിച്ചു (സീറത്തുന്നബവിയ്യ: ഇബ്നുഹിശാം: 1/130).


ലോകാനുഗ്രഹിയായ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിന മാസമായ റബീഉൽ അവ്വലിൽ പൊതുവെയും പന്ത്രണ്ടാം ദിനം പ്രത്യേകമായും മുസ്‌ലിം ലോകം നബിദിനം ആഘോഷിച്ചുവരുന്നു. പൗരാണിക കാലം മുതൽ സത്യവിശ്വാസികൾ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഭാഗമായി തിരുനബി പ്രകീർത്തനങ്ങൾ പാടുന്നതും പറയുന്നതും പതിവാക്കിയിരുന്നു.


പുരാതന കാലത്ത് സത്യവിശ്വാസികൾ ആഴ്ചാന്ത്യവും മാസാന്ത്യവും വർഷാന്ത്യവുമെല്ലാം തിരുനബി(സ്വ)യുടെ ജന്മദിനത്തെ അനുസ്മരിച്ചിരുന്നു. ഓരോ തിങ്കളാഴ്ചയും നോമ്പനുഷ്ഠിച്ചും ഓരോ മാസവും പന്ത്രണ്ടിനു വീടുകളിൽ മൗലിദ് പാരായണം ചെയ്തും വർഷാ വർഷം റബീഉൽ അവ്വൽ പന്ത്രണ്ടിനു വീടും നാടും മുഴുക്കെ മൗലിദ് കർമ്മം നടത്തികൊണ്ടുമാണ് വിശ്വാസികൾ ഇതു സാധിച്ചിരുന്നത്. എല്ലാ വർഷവും റബീഉൽ അവ്വൽ മാസത്തിലുള്ള ആഹ്ലാദപരമായ ജന്മദിനാഘോഷം വ്യാപകമായി ഇന്നും നിലനിൽക്കുന്നുണ്ട്.


മൗലിദ് കർമ്മം സുന്നത്താണ്. പ്രതിഫലാർഹമാണ്. ഇക്കാര്യം കർമ്മശാസ്ത്ര പണ്ഡിതർ പ്രഖ്യാപിച്ചിട്ടുണ്ട് (അൽ ഹാവി: 1/252, ശർവാനി: 7/422, ഇആനത്ത്: 3/365 ).


മൗലിദ് കർമ്മത്തെ (നബിദിനാഘോഷം) കുറിച്ച് സ്വഹാബത്തും താബിഉകളും ഔലിയാക്കളും പ്രസ്താവിക്കുന്നത് കാണുക:


അബൂബക്കർ സിദ്ദീഖ്(റ) പ്രസ്താവിച്ചു: നബി(സ്വ)യുടെ മൗലിദ് ഓതുന്നതിൽ ഒരു ദിർഹം ചൊലവഴിച്ചവർ സ്വർഗത്തിൽ എന്റെ കൂട്ടുകാരനായിരിക്കും.

 

ഉമർ(റ) പറഞ്ഞു: നബി(സ്വ)യുടെ മൗലിദിനെ ഒരാൾ മഹത്വപ്പെടുത്തിയാൽ അദ്ദേഹം ഇസ്‌ലാമിനെ ജീവിപ്പിച്ചവനായി.


ഉസ്മാൻ(റ) പ്രസ്താവിച്ചു: നബി(സ്വ)യുടെ മൗലിദ് ഓതാൻ ഒരു ദിർഹം ചെലവഴിച്ചാൽ ബദ്ർ, ഹുനൈൻ എന്നീ യുദ്ധങ്ങളിൽ സംബന്ധിച്ചവനെ പോലെയായി.


അലി(റ) പ്രസ്താവിച്ചു: നബി(സ്വ)യുടെ മൗലിദിനെ ഒരാൾ ആദരിക്കുകയും അതു പാരായണം ചെയ്യാൻ അയാൾ കാരണമാകുകയും ചെയ്താൽ ഭൗതിക ലോകത്തു നിന്നു അയാൾ ഈമാനോടെയല്ലാതെ മരിക്കുകയില്ല. വിചാരണ കൂടാതെ അയാൾ സ്വർഗത്തിൽ പ്രവേശിക്കും.



ഹസനുൽ ബസ്വരി(റ) പറഞ്ഞു: ഉഹ്ദ് പർവ്വതത്തിനു തുല്യം സ്വർണ്ണം എനിക്കുണ്ടാകുകയും അതു മുഴുവൻ നബി(സ്വ)യുടെ മൗലിദ് ഓതാൻ ചെലവഴിക്കുകയും ചെയ്തതെങ്കിൽ എന്നു ഞാൻ കൊതിച്ചു.


ശൈഖ് ജുനൈദുൽ ബഗ്ദാദി(റ) പറഞ്ഞു: ആരെങ്കിലും മൗലിദ് സദസ്സിൽ പങ്കെടുക്കുകയും അതിനെ മഹത്വപ്പെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ടു വിജയിച്ചു.


ശൈഖ് മഅറൂഫുൽ കർഖി(റ) പ്രസ്താവിച്ചു: നബി(സ്വ)യുടെ മൗലിദിനു വേണ്ടി ഒരാൾ ഭക്ഷണം തയ്യാറാക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും മൗലിദിനെ ആദരിച്ചു പുതുവസ്ത്രം ധരിക്കുകയും അത്തർ പുരട്ടുകയും പ്രകാശം പരത്തുകയും ചെയ്താൽ അന്ത്യനാളിൽ അവനെ അമ്പിയാക്കളോടു കൂടെ അല്ലാഹു ഒരുമിച്ചുകൂട്ടുന്നതാണ്. ഉന്നത പദവിയിൽ അവൻ പരിലസിക്കുന്നതുമാണ്.


ഇമാം റാസി(റ) പറഞ്ഞു: തിരുനബി(സ്വ)യുടെ മൗലിദ് പാരായണത്തിനു വേണ്ടി ഒരാൾ എന്തെങ്കിലും ഭക്ഷണം ഒരുക്കിയാൽ അവനു അല്ലാഹു ബറകത്തു നൽകുന്നതാണ്.


ഇമാം ശാഫിഈ(റ) പറഞ്ഞു: ആരെങ്കിലും നബി(സ്വ)യുടെ മൗലിദ് പാരായണത്തിനു വേണ്ടി ഭക്ഷണം ഉണ്ടാക്കി ജനങ്ങളെ ക്ഷണിച്ചാൽ അന്ത്യനാളിൽ ബദ്‌രീങ്ങൾ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോടൊപ്പം അല്ലാഹു അവനെ ഒരുമിച്ചുകൂട്ടും.


ശൈഖ് സിർരിയ്യുസിഖ്‌രി(റ) പറഞ്ഞു: ഒരാൾ നബി(സ്വ)യുടെ മൗലിദിന്റെ സദസ്സിനെ ഉദ്ദേശിച്ചാൽ സ്വർഗത്തിന്റെ തോപ്പാണവൻ ഉദ്ദേശിച്ചത്.


ഇമാം സുയൂത്വി(റ) പറഞ്ഞു: നബി(സ്വ)യുടെ മൗലിദ് പാരായണം ചെയ്യുന്ന സ്ഥലത്ത് റഹ്മത്തും ബറകത്തും ഉണ്ടാകുന്നതാണ്. വരൾച്ച, പ്ലേഗ്, തീപൊള്ളൽ, കോപം, അസൂയ, കണ്ണേറ്, കള്ളന്റെ ശല്യം എന്നിവ പ്രസ്തുത വീടുകളിൽ ഉണ്ടാകുന്നതല്ല. ഖബ്റിൽ അവന് ഉത്തരം നൽകാൻ സാധിക്കും.


ഒന്നാം ഖലീഫ സിദ്ദീഖ്(റ) പറഞ്ഞ മൊഴി മുതൽ ഇതുവരെ വിശദീകരിച്ചുകൊണ്ട് എഴുതിയത് ഇമാം ഇബ്നു ഹജറിനിൽ ഹൈതമി(റ) തന്റെ النعمة الكبرى على العالم بمولد سيد ولد آدم എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയതാണ്. നാലു ഖലീഫമാർ പ്രസ്താവിച്ചതൊഴിച്ചു പ്രസ്തുത ഇമാമുകൾ പ്രസ്താവിച്ചത് സയ്യിദുൽ ബക്'രി(റ) തന്റെ ഇആനത്തിലും പ്രസ്താവിച്ചിട്ടുണ്ട്. ഇമാം ഇബ്നു ഹജർ(റ) തന്റെ 'അന്നിഅമതുൽ കുബ്റാ'യിൽ ഇമാം ശാഫിഈ(റ) പറഞ്ഞതായി ഉദ്ധരിച്ച മൊഴി ഇആനത്തിൽ (3/364) ഇമാം യാഫിഈ പറഞ്ഞതായി ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ശാഫിഈ(റ) പറഞ്ഞത് പിന്നീട് ഇമാം യാഫിഈ(റ) പറഞ്ഞതാവാം.


സ്വഹാബത്തിന്റെ കാലത്തു തന്നെ മൗലിദ് കർമ്മ പരിപാടിയുണ്ടായിരുന്നെന്നും നബി(സ്വ) തങ്ങളുടെ സന്നിധിയിൽ വെച്ചു അവിടുത്തെ മൗലിദ് സ്വഹാബത്ത് പറഞ്ഞിരുന്നുവെന്നും നിരവധി തെളിവുകളുടെ വെളിച്ചത്തിൽ സ്ഥിരപ്പെട്ടതാണ്. മൂന്നാം 'ഖർനി'നു ശേഷമാണ് മൗലിദ് കർമ്മം ഉണ്ടായതെന്നു ഇമാം ഇബ്നു ഹജറിനിൽ അസ്ഖലാനി(റ) പറഞ്ഞത് പ്രത്യേകരീതിയിലുള്ളതിനെ കുറിച്ചാണ്.


എല്ലാ വർഷവും നബിദിനം സസന്തോഷം മുസ്‌ലിംകൾ ആഘോഷിക്കണം. മൗലിദ് കർമ്മ ആചാരം നിർവ്വഹിക്കണം. മുൻഗാമികൾ നമുക്കതു കാണിച്ചുതന്നതാണ്.


◾️ആണ്ടനുസ്മരണം


» അഹ്മദുബ്നു ഹമ്പൽ(റ). വഫാത്ത് ദിനം:12.


» ഇമാം മാലിക്(റ). വഫാത്ത് ദിനം:14.


» ശൈഖ് മുഹമ്മദ് ശാഹ്(റ) കുണ്ടോട്ടി. വഫാത്ത് ദിനം:14.


» പ്രമുഖ ശാഫിഈ പണ്ഡിതൻ ഇബ്നു സ്വലാഹ്(റ). വഫാത്ത് ദിനം:15.


» ഇമാമുൽ ഹറമൈനി(റ). വഫാത്ത് ദിനം:25.


» ശൈഖ് മുഹമ്മദ് സ്വാലിഹ് മൗല(റ) വെളിയങ്കോട്. വഫാത്ത് ദിനം:28.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu