മക്കൾ അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്. ഒരു സ്ത്രീക്ക് അല്ലാഹു തആല നൽകിയ വലിയ സൗഭാഗ്യമാണ് ഗർഭിണി ആവുക എന്നത്. അല്ലാഹുവിന്റെ മാർഗത്തിൽ ഗർഭിണിയാകുന്ന ഒരു വിശ്വാസിനിക്ക് 100 ശഹീദിന്റെ കൂലി അല്ലാഹു നൽകുന്നതാണ്. പ്രയാസത്തിനുമേൽ പ്രയാസം അനുഭവിക്കുന്ന സന്ദര്‍ഭമാണ് ഗർഭകാലഘട്ടം. അതിനാൽതന്നെ മക്കളുടെ ഓരോ ശ്വാസത്തിനും നന്മയുടെ കൂലിയാണ് അല്ലാഹു നല്‍കുന്നത്. മക്കൾ ഉണ്ടാകാൻ വേണ്ടിയുള്ള ശാരീരിക ബന്ധത്തിൽ പോലും സ്വദഖയുടെ കൂലിയാണ് ലഭിക്കുന്നത്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ചില മര്യാദകൾ, നിയ്യത്തുകൾ, ദിക്റുകൾ ചേർന്ന് വരുമ്പോൾ മാത്രമാണ് മക്കളെ കൊണ്ട് ഗുണവും അല്ലാഹുവിൽ നിന്നുള്ള കൂലിയും നമുക്ക് ലഭിക്കുകയുള്ളൂ. അതിനു വേണ്ടി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
മക്കളെ ആഗ്രഹിച്ചു നേടിയെടുക്കണം. മക്കളെ ആഗ്രഹിച്ചുള്ള ദുആകൾ എപ്പോഴും വേണം. മാനസികമായും ശാരീരികമായും ഒരുങ്ങാതെ ഇസ്ലാമിക ചുറ്റുവട്ടത്തിൽ അല്ലാതെ, ദിക്റുകൾ ഒന്നുമില്ലാതെ വളരെ അശ്രദ്ധമായ ജീവിതത്തിനിടയില്‍ ഉണ്ടാകുന്ന മക്കൾ പലപ്പോഴും ഗുണം ചെയ്യാതെ വരും. അല്ലെങ്കിൽ ബർക്കത്ത് ഇല്ലാതെ വരും. അതിനാല്‍ ആ കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം.
നമ്മൾ ആഗ്രഹിക്കാത്ത സമയത്തിൽ ഗർഭിണി ആവുകയും ആ ഗർഭം അലസുവാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതോ അല്ലെങ്കിൽ 'വേണ്ട' എന്നുള്ള തോന്നലുകള്‍ വരുന്നതോ ആ കുഞ്ഞിന്റെ വളർച്ചയെയും ജീവിതത്തെയും ബാധിക്കുന്നതാണ്. നമ്മൾ കാരണം നമ്മുടെ മക്കളുടെ ജീവിതം പ്രശ്നത്തിൽ ആവാൻ ഇടയാക്കരുത്.
ഇണയെ കൊണ്ടും - മക്കളെ കൊണ്ടും സന്തോഷം ഉണ്ടാകാൻ ചെയ്യേണ്ട ദുആ:
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا [الفرقان :74]
അർത്ഥം: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് കണ്‍കുളിര്‍മ നൽകുകയും ഞങ്ങളെ സജ്ജനങ്ങൾക്ക് ഇമാമാക്കുകയും ചെയ്യേണമേ.
ഈ ദുആ ഭാര്യമാരും ഭർത്താക്കന്മാരും പതിവാക്കണം.
* സൂറത്തുൽ മറിയം [19 سورة مريم] പാരായണം പതിവാക്കുക. ഒരു ദിവസം ഒരു തവണയെങ്കിലും ഗർഭിണി ഓതുക.
* സൂറത്തുൽ അലഖ് [96 سورة العلق] പതിവായി പാരായണം ചെയ്യുക.
* സ്വലാത്ത് പതിവാക്കുക. കുറഞ്ഞത് 11 വട്ടം എങ്കിലും ദിവസവും ചൊല്ലുക. കഴിയുന്നത് പോലെ അധികരിപ്പിക്കുക.
* ഗർഭിണികൾ ഹറാമിന്റെ സംസാരങ്ങൾ പറയുകയോ കേൾക്കുവാനോ പാടില്ല.
ഗർഭിണികൾക്ക് മാനസീക വിഷമം ഉണ്ടാകാൻ ഇടവരുത്തരുത്. അവർക്ക് സന്തോഷം നൽകുക. ഗർഭിണിയായ സ്ത്രീ വേദനിച്ചാൽ ഗർഭസ്ഥശിശുവിന് വല്ലാതെ മനോവേദനയുണ്ടാകും. ഗർഭിണിയായ സ്ത്രീയെ പരിചരിക്കുന്നവർ അല്ലെങ്കിൽ ചുറ്റുമുള്ളവർ ഇക്കാര്യം ശ്രദ്ധിക്കണം.
ഖുർആൻ പാരായണം ചെയ്യൽ അധികരിപ്പിക്കുക. മക്കൾ സ്വാലിഹീങ്ങൾ ആകാനും, ബർക്കത്ത് ഉണ്ടാകാനും അത് കാരണമാകും.
* ഹലാലായ ത്വയ്യിബായ ഭക്ഷണം കഴിക്കണം.
പൂർണ്ണമായും ഹലാലായ ആരോഗ്യമുള്ള ഭക്ഷണം ആയിരിക്കണം ഗർഭിണികൾ കഴിക്കേണ്ടത്. ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിക്കുക.
ഖുർആൻ ഗർഭിണിയായ സ്ത്രീയോട് കഴിക്കാൻ പറഞ്ഞ ഭക്ഷണവും മരുന്നും ആണ് ഈത്തപ്പഴം. അത് രക്തം വർദ്ധിക്കാനും രോഗപ്രതിരോധത്തിനും കൂടുതൽ ശക്തി പകരുന്നു.
കേരളക്കാരുടെ പ്രകൃതം പരിഗണിക്കുമ്പോൾ ഗർഭിണികൾ ആദ്യ മൂന്ന് മാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നതാണ് നല്ലത് എന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. കുറഞ്ഞത് 7 എണ്ണം എങ്കിലും ദിവസവും കഴിക്കണം. അതുപോലെതന്നെ സബർജില്ലി പഴവും ഗർഭിണികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സബർജില്ലി കഴിക്കുന്ന ഉമ്മയുടെയും മക്കളുടെയും സ്വഭാവം നല്ലതാകാനും കുഞ്ഞുങ്ങൾ സൗന്ദര്യം ഉള്ളവരാകാനും നല്ലതാണ്.
* സിസേറിയൻ ഇല്ലാതെ സ്വാഭാവിക പ്രസവം ഉണ്ടാകുന്നതിന് ആത്മാര്‍ത്ഥമായി ദുആ ചെയ്യുക.
സുഖപ്രസവത്തിനായി ഖുർആനിൽ പറഞ്ഞിരിക്കുന്ന സൂറത്തുകളും ആയത്തുകളും താഴെ പറയുന്നു. അവ പാരായണം ചെയ്യുക
1. ആയത്തുൽ കുർസിയ്യ് (اية الكرسي) പരമാവധി ഓതുക.
പ്രസവത്തിനായി കാത്തിരിക്കുന്ന കുടുംബക്കാരും പ്രത്യേകിച്ച് മാതാപിതാക്കൾ ഭർത്താക്കന്മാർ പറ്റുമെങ്കിൽ ഗർഭിണിയായ സ്ത്രീയും പ്രസവസമയത്ത് പരമാവധി പാരായണം ചെയ്യുക.
2. ഖുർആനിൽ പറഞ്ഞിരിക്കുന്ന യൂനുസ് നബി(അ)ന്റെ ദുആ:
لَا إِلهَ إلَّا أَنتَ سُبْحَانَكَ إِنَّي كُنتُ مِنَ الظَّالِمِينَ (ലാഇലാഹ ഇല്ലാ അൻത സുബ്ഹാനക ഇന്നീ കുൻതു മിനള്ളാലിമീൻ)
ഖുർആനില്‍ എടുത്ത് പറയപ്പെട്ട ഈ ദുആ അധികരിപ്പിക്കൽ സുന്നത്താണ്.
3. സൂറത്തു നാസ്, സൂറത്തുൽ ഫലഖ് കഴിയുന്നത് പോലെ പാരായണം ചെയ്യുക.
പലപ്പോഴും ഗര്‍ഭം അലസി പോകുന്ന വിഷയത്തിൽ പല സ്ത്രീകളും വിഷമിക്കുന്നവരാണ്. അല്ലാഹുതആല എല്ലാത്തിനും ഖൈർ ഉദ്ദേശിച്ചിട്ടുണ്ടാകും; അതിനാല്‍ ആ കാര്യത്തില്‍ വിഷമിക്കേണ്ടതില്ല.
അബോർഷൻ സംഭവിക്കാതിരിക്കാൻ (ഗര്‍ഭം അലസി പോകാതിരിക്കാന്‍) ചൊല്ലേണ്ട ദിക്റുകൾ:
1. يَا مُبْدِئُ يَا اللّٰهُ (യാ മുബ്ദിഉ യാ അല്ലാഹ്) ഈ ദിക്റ് 17 വട്ടം; ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ(സംശയം ഉണ്ടായാലും) വയറില്‍ വിരല്‍ വച്ച് കൊണ്ട് ഗര്‍ഭിണി സ്വയം ഓതുകയോ അല്ലെങ്കിൽ ഭർത്താവിനോ ഓതി കൊടുക്കാവുന്നതാണ്.
2. മഹാന്മാർ പറഞ്ഞു തന്ന മറ്റൊന്ന്:
ഒരു മഞ്ഞ ചരട് എടുത്ത് അതിൽ സൂറത്തുൽ നഹ്ൽ[16 سورة النحل] ലെ 127, 128 എന്ന് രണ്ട് ആയത്തുകൾ ഒരുവട്ടം ഓതി ഊതുക.
وَٱصْبِرْ وَمَا صَبْرُكَ إِلَّا بِٱللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِى ضَيْقٍۢ مِّمَّا يَمْكُرُونَ ١٢٧ إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ ١٢٨
സൂറത്തുൽ കാഫിറൂൻ[109 سورة الكافرون] 9 വട്ടം പാരായണം ചെയ്തു ചരടിൽ മന്ത്രിക്കുക.
اِشْفِ (ഇശ്ഫി) എന്ന് പറഞ്ഞ് മന്ത്രിച്ച് ചരട് ശരീരത്തിൽ കെട്ടുക.
ഇതെല്ലാം അബോർഷൻ ആകാതിരിക്കാൻ സഹായകമാകും.
ഗർഭസ്ഥ കാലഘട്ടത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ ഇസ്ലാമിൽ തെറ്റില്ല. എന്നാൽ കുഞ്ഞിന്റെ കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമെന്ന് സംശയം തോന്നിയാൽ ബന്ധപ്പെടൽ കറാഹത്താണ്. ഡോക്ടർമാർ ശാരീരിക ബന്ധം ഗർഭഘട്ടത്തിൽ അപകടമാണെന്ന് പറഞ്ഞാൽ ബന്ധപ്പെടൽ ഹറാമാകും.
ഇത്തരം കാര്യങ്ങൾ ഗർഭിണികളും ഗർഭിണിയെ പരിചരിക്കുന്ന വരും ശ്രദ്ധിക്കേണ്ടതാണ്. മക്കൾ ഉണ്ടാകാത്തവർ വിഷമിക്കേണ്ടതില്ല അവർക്ക് അല്ലാഹുവിന്റെ പരീക്ഷണത്തിൽ ക്ഷമിച്ചതിനുള്ള കൂലി ഉറപ്പായും അല്ലാഹു നൽകുന്നതാണ്. മക്കൾ ഇല്ലാത്തവർക്ക് മക്കളെ നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ, നമ്മുടെ എല്ലാ മക്കളേയും സ്വാലിഹീങ്ങളില്‍ പെടുത്തട്ടെ, ആമീൻ.
റബ്ബനാ ഹബ് ലനാ മിൻ അസ് വാജിനാ വ ദുറിയാതിനാ ഖുറത്ത അഅ് യുനിൻ വജഅൽനാ ലിൽ മുത്തഖീന
AnvareFajr: 722
0 അഭിപ്രായങ്ങള്‍