കുട്ടികളെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് എന്നും പരാതികളാണ്. ആവശ്യമുള്ളതും ഇല്ലാത്തതും അതിലുണ്ട്. തന്റെ മകൻ നിസ്കരിക്കാറില്ലെന്ന് പലപ്പോഴും പല രക്ഷിതാക്കളും അവരുടെ ഉസ്താദുമാരോട് പരാതിപ്പെടാറുണ്ട്. പരാതി പറയുമ്പോഴുള്ള പരിഭവം കണ്ടാൽ തോന്നും ഇതൊക്കെ ഉസ്താദുമാരാണ് ശ്രദ്ധിക്കേണ്ടതെന്നും രക്ഷിതാക്കളാവുന്ന നമ്മുടെ ഉത്തരവാദിത്വത്തിൽ പെട്ടതല്ലെന്നും. എന്നാൽ യാഥാർഥ്യം തിരിച്ചാണ്. കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ഇത്തരം കാര്യങ്ങളുടെ ചുമതല.
പ്രായപൂർത്തിയെത്തിയതിന് ശേഷമേ മുസ്‌ലിമിന് നിസ്കാരം നിർബന്ധമുള്ളൂ. എന്നാൽ ഏഴ് വയസ്സായാൽ കുട്ടികളോട് നിസ്കരിക്കാൻ കൽപ്പിക്കൽ രക്ഷിതാക്കൾക്ക് നിർബന്ധമാണ്. പത്ത് വയസ്സായിട്ട് നിസ്കരിച്ചില്ലെങ്കിൽ അതിന്റെ പേരിൽ അവരെ അടിക്കണം. നബി(സ്വ)യുടെ ഈ കൽപ്പന നാം പ്രാവർത്തികമാക്കിയില്ലെങ്കിൽ രക്ഷിതാക്കൾ കുറ്റക്കാരാവും. ഇമാം ബൈഹഖി(റ) രേഖപ്പെടുത്തി: നബി(സ്വ) പറഞ്ഞു: നിങ്ങൾ മക്കളോട് ഏഴ് വയസ്സായാൽ നിസ്കരിക്കാൻ കൽപ്പിക്കുക. പത്ത് വയസ്സായാൽ നിസ്കരിക്കാതിരുന്നാൽ അടിക്കുകയും ചെയ്യുക (സുനനുൽ കുബ്റാ: 2/14, മുസ്തദ്റക്: 1/258).
ഈ ഹദീസ് വ്യാഖ്യാനിച്ച് ഇമാം നവവി(റ) എഴുതുന്നു: ഈ കൽപ്പന കുട്ടിയോടല്ല, നിശ്ചയമായും കുട്ടിയുമായി അടുത്ത ആളോടാണ്. അതിനാൽ അവർ കുട്ടിയോട് നിസ്കരിക്കാൻ കൽപ്പിക്കൽ നിർബന്ധമാണ്. ഈ കൽപ്പനയും അടിയും അവർക്ക് നിർബന്ധമാണ്. ഇമാം ശാഫിഈ(റ) മുഖ്തസ്വറിൽ പറഞ്ഞു: മാതാപിതാക്കൾക്ക് നിർബന്ധമാണ്. മക്കളെ അറബിയും, ശുദ്ധീകരണവും, നിസ്കാരവും പഠിപ്പിക്കലും അവർക്ക് ബുദ്ധിയുണ്ടെങ്കിൽ ഇതെല്ലാം ഉപേക്ഷിച്ചാൽ അടിക്കലും ഇതെല്ലാം ഏഴാം വയസ്സിൽ പഠിപ്പിക്കണം. പത്ത് വയസ്സായിട്ട് ചെയ്തില്ലെങ്കിൽ അടിക്കണം. നിർബന്ധ കാര്യങ്ങൾ പഠിപ്പിക്കാനുള്ള കൂലി കുട്ടിയുടെ മുതലിൽ നിന്നെടുക്കണം. കുട്ടിക്ക് മുതലില്ലെങ്കിൽ അവന്റെ പിതാവിന്റെ മുതലിൽ നിന്നും പിതാവിന് മുതലില്ലെങ്കിൽ മാതാവിന്റെ മുതലിൽ നിന്നുമാണ് (ശർഹുൽ മുഹദ്ദബ്: 3/12).
ഇമാം മഖ്ദൂം(റ) എഴുതുന്നു: സ്വയം തിന്നുക, ശുദ്ധീകരണം നടത്തുക, കുടിക്കുക എന്ന നിലക്ക് വകതിരിവെത്തിയ ആൺ പെൺ കുട്ടിയോട് ഏഴ് വയസ്സായതിനുശേഷം പിതാവോ വല്യൂപ്പയോ അല്ലെങ്കിൽ വസ്വിയ്യത്ത് കൽപ്പിക്കപ്പെട്ടവനോ രക്ഷിതാവോ നിസ്കരിക്കാൻ കൽപ്പിക്കണം. അത് ഖളാആയതാണെങ്കിലും. ഭയപ്പെടുത്തുന്ന വാചകത്തോടു കൂടി തന്നെ പറയൽ അത്യാവശ്യമാണ്. പത്ത് വയസ്സ് പൂർത്തിയായതിനുശേഷം നിസ്കരിച്ചില്ലെങ്കിൽ മുറിയാവാത്ത നിലക്ക് അടിക്കൽ നിർബന്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 7).
അപ്പോൾ കുട്ടികളോട് നിസ്കരിക്കാൻ കൽപ്പിക്കൽ അവർക്ക് പ്രായപൂർത്തിയാവണമെന്നില്ല. മറിച്ച് വകതിരിവ് ഉണ്ടായാൽ മതി. വകതിരിവായി എന്നതിന്റെ അടയാളമാണ് സ്വയം തിന്നുക, സ്വയം ശുദ്ധീകരണം ചെയ്യുക. ഇത്തരം നിർബന്ധമായ കാര്യങ്ങളിൽ നിന്ന് പുറം തിരിഞ്ഞ് നിൽക്കുന്ന ഒരവസ്ഥയാണ് ഇന്ന് മിക്ക രക്ഷിതാക്കളിലും കണ്ടുവരുന്നത്.
0 അഭിപ്രായങ്ങള്‍